കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധികർക്കു മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റുകളിൽ പുഴുവരിച്ച ഭക്ഷ്യസാധനങ്ങൾ. ദുരന്തബാധിത കുടുംബങ്ങൾക്കു കഴിഞ്ഞ ദിവസം വിതരണം ചെയ്ത കിറ്റുകളിലാണ് ഉപയോഗശൂന്യമായ സാധനങ്ങൾ ഉണ്ടായിരുന്നത്.
പഴക്കംമൂലം പുഴുവരിക്കുകയും കട്ടപിടിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു കിറ്റുകളിലെ അരിയും റവയും. കിറ്റിലുണ്ടായിരുന്ന വസ്ത്രങ്ങൾ പഴകിയതായിരുന്നുവെന്നും സാധനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതല്ലെന്നും ഗുണഭോക്താക്കൾ പറഞ്ഞു.
ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ ഇന്നലെ രാവിലെ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു.ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് കാര്യാലയം ഉപരോധിച്ചു. പഞ്ചായത്ത് ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതു നേരിയ സംഘർഷത്തിനു കാരണമായി. സന്നദ്ധ സംഘടനകളും റവന്യു അധികൃതരും ലഭ്യമാക്കിയതാണു കിറ്റുകളെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കിറ്റുകൾ വിതരണം ചെയ്തത് ഉദ്യോഗസ്ഥരാണെന്നു പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് അവകാശപ്പെട്ടു. പഞ്ചായത്ത് സ്വന്തമായി കിറ്റുകൾ വിതരണം ചെയ്യുന്നില്ലെന്നു സൂപ്രണ്ട് പറഞ്ഞു.
പിന്നീട് എൽഡിഎഫ്-ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ ഗോഡൗണ്‍ തുറന്നു പരിശോധിച്ചു.