ന്യൂഡൽഹി: മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനുമൊപ്പം ഉപതെരഞ്ഞെടുപ്പുകളുമായി കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്. മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 20നു നടക്കും. ജാർഖണ്ഡിലെ 81 അംഗ നിയമസഭയിലേക്കു രണ്ടു ഘട്ടമായി നവംബർ 13നും 20നും പോളിംഗ് നടക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. എല്ലായിടങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബർ 23ന് നടക്കും.
വയനാട് അടക്കം മൂന്നു ലോക്സഭാ സീറ്റിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 47 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 13നാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ സീറ്റിലേക്കും ജാർഖണ്ഡിലെ ആദ്യ ഘട്ടം മണ്ഡലങ്ങളിലേക്കും ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്ന വെള്ളിയാഴ്ച മുതൽ പത്രിക നൽകാം. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 25നും സൂക്ഷ്മപരിശോധന 28നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 30നും ആണ്.