തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം ആരംഭിച്ചതായി വിജിലൻസ് സംഘം കോടതിയെ അറിയിച്ചു. അജിത്തിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.നെയ്യാറ്റിൻകര പി. നാഗരാജ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യമറിയിച്ചത്. പി.ശശിക്കെതിരെ നിലവിൽ അന്വേഷണമില്ല. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോർട്ട് ഡിസംബർ 10ന് ഹാജരാക്കാൻ പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാര നിർദേശം നൽകി. ഇത് പരിശോധിച്ചശേഷമാവും സ്വകാര്യ ഹർജിയിൽ കോടതി തീരുമാനമെടുക്കുക.
തലസ്ഥാനത്ത് കവടിയാറിൽ സെന്റിന് 70 ലക്ഷം രൂപ വിലയുള്ള 22 സെന്റ് ഭൂമി അജിത്കുമാറും ബിനാമിയായ ഭാര്യാസഹോദരനും ചേർന്ന് വാങ്ങിയെന്നും അതിൽ 12,000 സ്ക്വയർ ഫീറ്റ് കെട്ടിടം നിർമ്മിക്കുന്നെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
ഇതടക്കം അന്വേഷിക്കുകയാണെന്ന് വിജിലൻസ് ബോധിപ്പിച്ചു. നേരിട്ട് അറിവുള്ള കാര്യങ്ങളാണോ ഉന്നയിച്ചതെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. പി. വി. അൻവറിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ ഹർജിക്കാരന് ഹാജരാക്കിയത് പരിശോധിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേട്ടറിവേ ഉളളൂ എന്ന മറുപടി കോടതിക്ക് തൃപ്തികരമായില്ല.