കോട്ടയം: ജില്ലയില്‍ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗ് ഇന്ന് അവസാനിക്കും. ഇതുവരെ റേഷന്‍ കാര്‍ഡില്‍ പേരുള്ള ഏതാണ്ട് 70 ശതമാനത്തോളം പേരുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞു.
ശനിയാഴ്ച വരെ മസ്റ്ററിംഗ് ഏതാണ്ട് 46 ശതമാനത്തോളം മാത്രമായിരുന്നു. പിന്നീടുള്ള രണ്ടു ദിവസത്തിലാണ് മസ്റ്ററിംഗ് കൂടുതലും നടന്നത്. സമയപരിധി അവസാനിക്കുമ്പോഴേക്കും ഏതാണ്ട് 90 ശതമാനത്തോടടുത്ത് അംഗങ്ങളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കുമെന്നാണ് അധികൃതരുടെ കണക്കൂട്ടല്‍. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇവരുടെ റേഷന്‍ വിഹിതം മുടങ്ങും.
റേഷന്‍ വിഹിതം കൈപ്പറ്റുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്നും അംഗങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് അര്‍ഹതയുണ്ടെന്നും ഉറപ്പാക്കാനാണ് മസ്റ്ററിംഗ് ചെയ്യുന്നത്. റേഷന്‍ കാര്‍ഡില്‍ പേരുള്ള എല്ലാവരും മസ്റ്ററിംഗ് നടത്തണം. ഇതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. മസ്റ്ററിംഗ് പുരോഗമിക്കുന്നതിനിടയിലും പരാതികള്‍ വ്യാപകമാണ്. ചില സമയങ്ങളില്‍ പലരുടെയും വിരല്‍ പതിയുന്നില്ല. മറ്റു ചിലപ്പോള്‍ സെര്‍വര്‍ തകരാര്‍ തുടങ്ങിയ പരാതി വിവിധയിടങ്ങളില്‍നിന്നും ഉയരുന്നുണ്ട്.
ജില്ലയിലെ മിക്ക റേഷന്‍ കടകളിലെയും പകുതിയിലേറെ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവയാണ്. പതിവായി റേഷന്‍ വാങ്ങുന്നതും ഇക്കൂട്ടരായതിനാല് ഒട്ടുമിക്ക റേഷന്‍ കടകളുടെയും നിലനില്‍പ്പും മഞ്ഞ, പിങ്ക് കാര്‍ഡുകളെ ആശ്രയിച്ചാണ്. മസ്റ്ററിംഗ് നടത്താത്തതിന്റെ പേരില്‍ ഇത്തരക്കാരുടെ റേഷന്‍ മുടങ്ങിയാല്‍ കടകളുടെ നിലനില്പിനെയും ബാധിക്കും. മസ്റ്ററിംഗ് വൈകുമ്പോള്‍ കടകളില്‍ തിരക്കും ബഹളവും പതിവാണ്.
മഞ്ഞ, പിങ്ക് കാര്‍ഡില്‍ ഉള്‍പ്പെടുന്ന എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍ കടകളിലെത്തി ഇ-പോസ് യന്ത്രം മുഖേന മസ്റ്ററിംഗ് നടത്തുന്നതാണ് തടസത്തിനു കാരണമാകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതല്‍ ഇതുവരെ റേഷന്‍ കടയില്‍ എത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ചു റേഷന്‍ വാങ്ങിയ വ്യക്തികളും 2024 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഇ-പോസ് വഴി ഇകെവൈസി അപ്ഡേഷന് ചെയ്തവരും റേഷന്‍ കടയിലെത്തി വീണ്ടും മസ്റ്ററിംഗ് ചെയ്യേണ്ട.
എന്നാല്‍, മിക്ക വീടുകളിലും ഒരാള്‍ തന്നെയായിരിക്കും റേഷന്‍ കടകളില്‍ എത്തിയിരുന്നത്. അതിനാല്‍ മറ്റുള്ളവര്‍ കടകളില്‍ എത്തി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ജോലിക്കു പോകുന്ന പലര്‍ക്കും മസ്റ്ററിംഗിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. അവധിദിനമായ ഞായറാഴ്ചയും റേഷന്‍ കടകളില്‍ സൗകര്യമേര്പ്പെടുത്തിയതോടെയാണ് മസ്റ്ററിംഗ് ശതമാനം വര്‍ധിച്ചത്. കുട്ടികളുടെ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. കുട്ടികളുടെ ആധാര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി പുതുക്കിയാല്‍ മാത്രമേ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയൂ.