കോൺഗ്രസ് – ഐഎൻടിയുസി നേതാവായിരുന്ന നെട്ടയം രാമഭദ്രൻ വധക്കേസിന്റെ വിചാരണയ്ക്കിടെ പ്രതികളെ അറിയില്ലെന്നു സിബിഐ കോടതിയിൽ മൊഴി നൽകിയ ഡിവൈഎസ്പി ബി.വിനോദിന് എതിരെ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു. ഇപ്പോൾ പത്തനംതിട്ട ഡിവൈഎസ്പി ആയിരിക്കുന്ന വി. വിനോദിനെതിരെയാണ് അന്വേഷണം. ബി.വിനോദ് പുനലൂർ സിഐ ആയിരിക്കെ അറസ്റ്റ് ചെയ്ത 7 പ്രതികളെ അറിയില്ലെന്നാണ് കോടതിയിൽ മൊഴി നൽകിയത്.
പ്രോസിക്യൂഷനെ സഹായിക്കാൻ ബാധ്യതയുള്ള ഡിവൈഎസ്പി ഗുരുതരമായ വീഴ്ചയാണു കാട്ടിയതെന്ന് ആഭ്യന്തര വകുപ്പ് അഡിഷനൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. 2010 ഏപ്രിൽ 10 നു രാത്രിയാണു രാമഭദ്രൻ വീടിനുള്ളിൽ ഭാര്യയുടെയും രണ്ടു പെൺമക്കളുടെയും മുന്നിൽ കൊല്ലപ്പെട്ടത്. കേസിൽ 16 സിപിഎം പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം നീതിപൂർവം അല്ലെന്നു കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു രാമഭദ്രൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് സിബിഐക്കു വിട്ടത്. അതീവ ഗൗരവ സ്വഭാവമുള്ളതും രാഷ്ട്രീയ ശ്രദ്ധ നേടിയതുമായ കേസിൽ വിചാരണയ്ക്കു ഹാജരാകുമ്പോൾ തികഞ്ഞ ലാഘവബുദ്ധിയോടെ ഹാജരാകുകയും പ്രതികൾക്കു സഹായകരമാകുന്ന രീതിയിൽ മൊഴി നൽകുകയും ചെയ്ത ബി.വിനോദിന് എതിരെ നടപടി വേണമെന്നു സംസ്ഥാന പൊലീസ് മേധാവി സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.