മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ രോഗ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളുകളുടെ എണ്ണം 175 ആയി. ഇതില്‍ 74 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 126 പേര് പ്രൈമറി കോണ്ടാക്ട് പട്ടികയിലും, 49 പേര് സെക്കണ്ടറി സമ്പര്‍ക്ക പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 104 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 10 പേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും, ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
അതേസമയം നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയില്‍ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം. മാസ്ക് നിര്‍ബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നിപ സ്ഥിരീകരിച്ച തിരുവാലി പഞ്ചായത്തില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയറ്ററുകളുമടക്കം തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ക്ക് രാവിലെ 10 മുതല്‍ 7 വരെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും നേരത്തെ തന്നെ കണ്ടെയ്മെന്റ് സോണാക്കിയിരുന്നു.