മലപ്പുറം: മലപ്പുറം പൊന്നാനിപുറങ്ങിൽ വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്.
ഇന്ന് പുലർച്ചെ ഒരുമണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടനെ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പൊള്ളലേറ്റവരിൽ സരസ്വതി, മണികണ്ഠൻ, റീന എന്നിവരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.