കോൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24-പർഗാനാസ് ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നക്ഷത്ര ആമകളെ കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. 195 നക്ഷത്ര ആമകളുമായി ബിഎസ്എഫ് ആണ് പ്രതിയെ പിടികൂടിയത്. ബിഎസ്എഫ് സംഘം ഇവരെ തടഞ്ഞപ്പോൾ, രണ്ട് പേർ ഓടി രക്ഷപെട്ടു. മൂന്നാമനെ പിടികൂടി.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ മൂന്ന് പേരെയാണ് ബിഎസ്എഫ് കണ്ടെത്തിയത്. തലയിൽ ചാക്കുമായി നടന്നുപോകുകയായിരുന്നു ഇവർ. ചാക്ക് പരിശോധിച്ചപ്പോഴാണ് നക്ഷത്ര ആമകളെ കണ്ടെത്തിയത്.
പിടികൂടിയ പ്രതിയെ ബോർഡർ ഔട്ട്പോസ്റ്റിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ആമകളെ ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്നുവെന്ന് മൊഴി നൽകി. ഇയാളെ പിന്നീട് സംസ്ഥാന വനംവകുപ്പിന് കൈമാറി.