താനെ : അംബർനാഥിലെ ഫാക്ടറിയിൽ ബിസ്ക്കറ്റ് നിർമാണ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. ആയുഷ് ചൗഹാനാണ് അപകടത്തിൽ മരിച്ചത്. യന്ത്രഭാഗങ്ങളിൽ കുടുങ്ങിയ കുട്ടിയെ പുറത്തെടുത്തെങ്കിലും മാരകമായി പരിക്കേറ്റിരുന്നു. ആനന്ദ് നഗറിലെ എം.ഐ.ഡി.സിയിലെ രാധേ കൃഷ്ണ ബിസ്ക്കറ്റ് കമ്പനിയിലാണ് സംഭവം. ആനന്ദ് നഗർ എം.ഐ.ഡി.സിക്ക് സമീപമാണ് ആയുഷ് മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. ആയുഷിന്റെ അമ്മ പൂജ കുമാരി (22)യാണ് ഫാക്ടറി തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്. ചൊവ്വാഴ്ച പൂജയോടൊപ്പം ആയുഷും ഫാക്ടറിയിലെത്തിയിരുന്നു. മെഷീനിനടുത്തേക്ക് ഓടിയ ആയുഷ് ബിസ്ക്കറ്റ് നിർമാണ യന്ത്രത്തിൽ ചാരി നിൽക്കുമ്പോഴാണ് യന്ത്രത്തിൽ കുടുങ്ങിയത്. മെഷീന്റെ ബ്ലേഡിൽ കുടുങ്ങി കഴുത്തിന് ഗുരുതര പരിക്കേറ്റ ആയുഷിനെ ഫാക്ടറി തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂജാ കുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അപകട മരണ റിപ്പോർട്ട് (എ.ഡി.ആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
