തിരുവനന്തപുരം: എല്ലാത്തരം ജപ്തികളിലും ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്ന സുപ്രധാന നിയമദേഭഗതി ബിൽ നിയമസഭ പാസാക്കി. 1968 ലെ കേരള നികുതി വസൂലാക്കൽ ആക്ട് ഭേദഗതി ചെയ്യുന്നതാണ് നിർദിഷ്ട ബിൽ. റവന്യു റിക്കവറിയിൽ സർക്കാരിന് മോറട്ടോറിയം പ്രഖ്യാപിക്കാം, തഹസിൽദാർ, കളക്ടർ, റവന്യു മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവർക്ക് ഇളവനുവദിക്കാം.
ലേലത്തിൽ പോകാത്ത ഭൂമി (ബോട്ട് ഇൻ ലാൻഡ്) സർക്കാരിന് ഒരു രൂപയ്ക്ക് (നേരത്തേ ഇത് പത്തുപൈസയായിരുന്നു) ഏറ്റെടുക്കാമെന്നുമാണ് ഭേദഗതി. പലിശ 12ൽ നിന്ന് ഒന്പത് ശതമാനമാക്കിയും കുറയ്ക്കും. വീഴ്ച വരുത്തിയ ആൾക്കോ, അടുത്ത ബന്ധുവിനോ ബാധ്യതകൾ തീർത്ത് ഭൂമി അഞ്ചുവർഷത്തിനകം സർക്കാരിൽനിന്ന് ഏറ്റെടുക്കാം തുടങ്ങിയവയാണ് സുപ്രധാന വ്യവസ്ഥകൾ.
ജപ്തി ചെയ്ത ഭൂമി മറ്റൊരു വ്യക്തിക്ക് വിൽക്കാനും കഴിയും. വിൽക്കുന്നയാളും വാങ്ങുന്നയാളും കരാറിൽ ഒപ്പുവച്ചശേഷം കളക്ടറെ സമീപിച്ചാൽ നടപടി സ്വീകരിക്കും.
ഭൂമി വിൽപ്പന നടത്തി പണമടച്ചാൽ മാത്രമാകും ആ ഭൂമി ലഭിക്കുക. ബാങ്ക് ജപ്തിയിൽ ഉൾപ്പെടെ സർക്കാരിന് ഇടപെടാൻ കഴിയാത്ത സ്ഥിതി മറികടക്കാനും സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള നിയമഭേദഗതിയാണിതെന്നു റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.