ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) യിൽ ചോദ്യപേപ്പർ ചോർച്ച നടന്നുവെന്നതിൽ സംശയമില്ലെന്ന് സുപ്രീംകോടതി. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി അറിഞ്ഞശേഷം മാത്രമായിരിക്കും നിലവിലെ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ച വ്യാപകമായി നടന്നിട്ടില്ലെന്നു ബോധ്യപ്പെട്ടാൽ നിലവിലെ പരീക്ഷ റദ്ദാക്കില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുന്പ് 23 ലക്ഷം വിദ്യാർഥികളുടെ ഭാവിയാണ് തങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അതിനാൽ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ വേണമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.