ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പ്രാര്‍ത്ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും മൂന്ന് കുട്ടികളടക്കം 120 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്. നിരവധിപേര്‍ക്ക് പരിക്കേറ്റു. മുഗള്‍ഗഢി ഗ്രാമത്തില്‍ ഇന്നലെ നടന്ന പരിപാടിയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.
സംഭവത്തില്‍ എ.ഡി.ജി.പി, ആഗ്ര, അലിഗഡ് കമ്മിഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് സമിതി രൂപീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു.
മാനവ് മംഗള്‍ മിലന് സദ്ഭാവന സമാഗം കമ്മിറ്റിയാണ് സത്സംഗ് സംഘടിപ്പിച്ചത്. ജനം പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. കനത്ത ചൂടില്‍ പലരും തളര്‍ന്നുവീണു. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.
ബസുകളിലും ട്രക്കുകളിലുമായാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ പരിപാടിയായിരുന്നെന്നും അനുമതിയുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.
രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിള്‍ മുഴുകാന്‍ ഇന്ത്യാ സഖ്യത്തിലെ പ്രവര്‍ത്തകരോട് രാഹുല്‍ അഭ്യര്‍ത്ഥിച്ചു.
