തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ പാർട്ടിയില്‍ രൂക്ഷ വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേർന്ന സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനമുയർന്നത്. മേയറെ മാറ്റണമെന്നും ചില പ്രതിനിധികള്‍ പരോക്ഷമായി സൂചിപ്പിച്ചെന്നാണ് വിവരം.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ ആര്യയെ മേയർ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന അഭിപ്രായവും ചില നേതാക്കൾ ഉയർത്തി. അത്തരം നടപടി നഗരസഭാ ഭരണം പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുമെന്ന വിലയിരുത്തലുമുണ്ടായി. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം. നേതൃത്വം തിരുത്തും മുമ്പ് മേയറും തിരുവനന്തപുരത്തെ പാർട്ടിയും തിരുത്തേണ്ടി വരും.