ന്യൂഡൽഹി: കനത്തമഴയിൽ ഡൽഹി ആഭ്യന്തര വിമാനത്താവളത്തിലെ ടെർമിനൽ – ഒന്നിന്റെ (ടി-1) മേൽക്കൂര ഇന്നലെ പുലർച്ചെ അഞ്ചോടെ തകർന്നുവീണ് ഒരാൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡ്രൈവർ രമേഷ്കുമാറാണ് മരിച്ചത്. വിമാനസർവീസുകൾ നിറുത്തിവച്ചത് ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. ഇവിടത്തെ സർവീസുകൾ രണ്ട്, മൂന്ന് ടെർമിനലുകളിലേക്ക് മാറ്റി. ഡിപ്പാർച്ചർ ടെർമിനലിലെ ഒന്നും രണ്ടും ഗേറ്റിനിടയിലെ ഭാഗമാണ് തകർന്നത്. ഇരുമ്പ് തൂണ് കാറിൽ വീണാണ് ഡ്രൈവർ മരിച്ചത്. നാലു കാറുകൾ തകർന്നു. യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു.
അന്വേണത്തിന് സമിതി രൂപീകരിച്ച ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷവും, പരിക്കേറ്റവർക്ക് മൂന്നുലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു സ്ഥലം സന്ദർശിച്ചു.