കൊട്ടാരക്കര ∙ ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ മഴയിലും ഒപ്പം വീശിയ കാറ്റിലും കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും സാരമായ കെടുതികൾ ഉണ്ടായി. തൃക്കണ്ണമംഗൽ കോളറക്കോണം മൂങ്ങാംവിള വീടിനു മുകളിലേക്കു മരം വീണ് രണ്ടു സ്ത്രീകൾക്കു പരുക്കേറ്റു. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന വാപ്പാല സ്വദേശി ശോശാമ്മ(40), സഹോദരി അമ്മിണി(53) എന്നിവർക്കാണു പരുക്കു പറ്റിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത പുരയിടത്തിലെ മരവും ഒപ്പം റോഡരികിലെ വൈദ്യുതി പോസ്റ്റുമാണ് ഇവരുടെ വീടിനു മുകളിലേക്കു വീണത്. പള്ളിക്കൽ, ഭരണിക്കാവ് എന്നിവിടങ്ങളിൽ റോഡിലേക്കു മരങ്ങളും വൈദ്യുതി തൂണുകളും വീണത് ഗതാഗത തടസ്സത്തിന് ഇടയാക്കി. പൂവറ്റൂർ റോഡിൽ പള്ളിക്കൽ പാലത്തിനു സമീപം തേക്കും വൈദ്യുത പോസ്റ്റുകളും കടപുഴകി. ട്രാൻസ്ഫോര്‍മറിനും കേടുപാടുകള്‍ സംഭവിച്ചു. പുത്തൂരിൽ ശക്തമായ മഴയിലും കാറ്റിലും പ്രദേശത്തു വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു.
