ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ജൂൺ 13 ന് വൈകിട്ട് അഞ്ചിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നിയമസഭ സ്പീക്കർ എ. എൻ ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി ഗണേഷ് കുമാർ, വി ശിവൻകുട്ടി, ജി ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ആശംസകളർപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. രാജ്യസഭാ, ലോക്സഭാംഗങ്ങൾ മറ്റ് ജനപ്രതിനിധികൾ നോർക്ക റൂട്ട്സ് റസി. വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, വൈസ് ചെയർമാൻ എം.എ യൂസഫലി, മറ്റ് ഡയറക്ടർമാർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതവും, നോർക്ക വകുപ്പ് സെക്രട്ടറിയും ലോക കേരള സഭ ഡയറക്ടറുമായ ഡോ. കെ വാസുകി നന്ദിയും പറയും. പൊതു സമ്മേളനത്തെ തുടർന്ന് മലയാളം മിഷൻ, ഭാരത് ഭവൻ എന്നിവയുടെ നേതൃത്വത്തിൽ ബെന്യാമിൻ, സിത്താര കൃഷ്ണകുമാർ, ഗൗരി ലക്ഷ്മി എന്നിവർ പങ്കെടുക്കുന്ന EXO 2024- അതിരുകൾക്കുപ്പുറം എന്ന കലാപരിപാടി അരങ്ങേറും.
കേരള നിയമസഭാമന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ ജൂൺ 14 നും 15 നുമാണ് ലോകകേരള സഭ ചേരുക. 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. പാർലമെന്റ്, നിയമസഭാംഗങ്ങളും നാലാം ലോക കേരളസഭയുടെ ഭാഗമാണ്.