ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ എല്ലാ വകുപ്പുകളും ദേവസ്വം ബോർഡും സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മുൻപ് നടന്ന യോഗത്തിൽ ഓരോ വകുപ്പുകളെയും ചുമതലപ്പെടുത്തിയ പ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. തീർത്ഥാടകർക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. ഇതിൽ ജാഗ്രതയോടെയുള്ള നിരീക്ഷണം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ട്രഷറി നിയന്ത്രണമൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയും ബന്ധപ്പെട്ട ഇടങ്ങളും വൃത്തിയോടെ സൂക്ഷിക്കണം. ഇതിൽ വിശുദ്ധിസേനാംഗങ്ങൾ നല്ല പ്രവൃത്തനം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. അവരുടെ വേതനക്കാര്യം ദേവസ്വം ബോർഡ് അനുഭാവപൂർവം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ശബരിമലയിലെ വിർച്വൽ ക്യൂ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് പൊലീസ് ദേവസ്വം ബോർഡ് ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. എസ്. ആർ. ടി. സി ബസുകൾ ശബരിമലയിൽ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഡ്രൈവർ തന്നെയാണ് ടിക്കറ്റ് നൽകുന്നത്. ഈ രീതി തുടരുന്നതാണ് ഉചിതമെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.