കൊല്ലം : കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ ജോലി നോക്കി വരുന്ന മുഖത്തല സ്വദേശികളായ രണ്ടു പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ടു. ഇത് ഈ ഗ്രാമത്തെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഗീതു കൃഷ്ണൻ ഞായറാഴ്ചയും തൃശ്ശൂർ കൈപ്പമംഗലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ആനന്ദ് തിങ്കളാഴ്ചയുമാണ് മരണപ്പെട്ടത്. തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന സിവിൽ പോലീസ് ഓഫീസർ ഗീതു കൃഷ്ണൻ ഞായറാഴ്ച പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി കൈപ്പമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ ആണ് അനന്ദ് മരണപ്പെട്ടത്. മുഖത്തല ഗ്രാമത്തിൽ ഏകദേശം അര കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ചെറുപ്പക്കാരായ ഈ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ വിയോഗം നാടാകെ ഞെട്ടലോടെയാണ് കേട്ടത്. സാമ്പത്തിക വിഷയങ്ങളാണ് ഗീതു കൃഷ്ണന്റെ ആത്മഹത്യക്ക് പിന്നിൽ എന്ന് കരുതുന്നു. മുഖത്തല കുറുമണ്ണാച്ചേരിയിൽ ഉഷാ വിലാസത്തിൽ തുളസീധരൻപിള്ളയുടെയും ഉഷാകുമാരിയുടെയും മകനായിരുന്നു ഗീതു കൃഷ്ണൻ. ഭാര്യ: അഞ്ജന, മകൾ : ദേവനന്ദ.
ദേശീയപാത 66 കൈപ്പമംഗലം അറവുശാലയിൽ വച്ച് മിനിലോറിക്ക് പിന്നിൽ ബൈക്കു കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് ആനന്ദ് മരണപ്പെട്ടത്. മുഖത്തല അരുൺ നിവാസിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ മകനാണ് ആനന്ദ്. ഭാര്യ : അനന്തലക്ഷ്മി, ബുധനാഴ്ച രാവിലെ 11 മണിക്ക് സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ നടക്കും. ഹൃദ്യമായ പെരുമാറ്റവും ഇടപെടലും കൊണ്ട് നാട്ടിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന ഇവരുടെ വിയോഗം നാടിനും ഏറെ നഷ്ടമാണ്.