കൊല്ലം: വില്ലനായും സ്വഭാവനടനായും മലയാളസിനിമയിൽ തിളങ്ങിയ നടൻ കുണ്ടറ ജോണി (67) അന്തരിച്ചു. കൊല്ലം കാങ്കത്തുമുക്ക് ആർടെക് ഫ്ലാറ്റിലായിരുന്നു താമസം. രാത്രി എട്ടുമണിയോടെ കാറിൽ സഞ്ചരിച്ചിരുന്നപ്പോൾ കൊല്ലം ചിന്നക്കടയിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 9.30-ഓടെ മരിച്ചു. 44 വർഷത്തിനിടെ അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. ഏതാനും തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1979-ൽ പുറത്തിറങ്ങിയ നിത്യവസന്തമായിരുന്നു ആദ്യചിത്രം. മീൻ, പറങ്കിമല, കരിമ്പന, ഗോഡ്ഫാദർ, കിരീടം, ചെങ്കോൽ, നാടോടിക്കാറ്റ്, ദാദാസാഹിബ്, ഭരത്ചന്ദ്രൻ ഐ.പി.എസ്., കുട്ടിസ്രാങ്ക്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമായി. മേപ്പടിയാനിലാണ് ഒടുവിൽ അഭിനയിച്ചത്.