കൊട്ടാരക്കര : വാളകം വയയ്ക്കലിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. 1,64,210 രൂപ സഹിതം ഏഴുപേരെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വയയ്ക്കൽ വഞ്ചിപ്പെട്ടിക്ക് സമീപം ആദിൽ മൻസിലിൽ മുബാറക്(38), വിളക്കുടി ഇളമ്പൽ കന്നൂർ വടക്കതിൽ കെ.രാധാകൃഷ്ണൻ(59), കൊട്ടിയം ഉമയനല്ലൂർ പന്നിമൺ മാടൻനടയ്ക്ക് സമീപം ഗീതാ വിലാസത്തിൽ ഉണ്ണികൃഷ്ണപിള്ള(51), പിറവന്തൂർ എലിക്കാട്ടൂർ മലയിൽ പുത്തൻവീട്ടിൽ ജോസ് തോമസ്(46), കണ്ണനല്ലൂർ കുരിശടിക്ക് സമീപം വിഷ്ണു ഭവനിൽ വിക്രമൻ(52), കോട്ടപ്പുറം വില്ലേജിൽ കോട്ടപ്പുറം ചേരിയിൽ മുട്ടുവനഴികത്ത് വീട്ടിൽ അബ്ദുൾ കലാം(66), ശാർക്കര പെരുമാതുറ തെരുവിൻ പുറമ്പോക്കിൽ ഷാജഹാൻ(49) എന്നിവരെയാണ് കൊട്ടാരക്കര സി.ഐ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വയക്കൽ വഞ്ചിപ്പെട്ടിക്ക് സമീപം ക്രഷർ പുറമ്പോക്കിൽ കാടുമൂടിയ സ്ഥലത്ത് കഴിഞ്ഞ കുറേ നാളായി പണംവച്ച് ചീട്ടുകളി നടന്നുവരികയാണ്. റോഡിൽ നിന്നും അകലെയായുള്ള ഭാഗമാണിവിടം. റോഡിൽ ചീട്ടുകളി സംഘത്തിന്റെ ആളുകൾ കാവൽ നിൽക്കുന്നതാണ് പതിവ്. മഫ്ടി പൊലീസിന്റെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചതും തുടർന്ന് പൊലീസ് സംഘം പെട്ടെന്ന് വളഞ്ഞ് സംഘത്തെ പിടികൂടുകയുമായിരുന്നു. പ്രദേശവാസിയായ ഒരാൾ മാത്രമാണുള്ളത്. മറ്റുള്ളവർ പണംവച്ച് ചീട്ടുകളിക്കാനായി പതിവായെത്തുന്നവരാണ്. സി.ഐ വി.എസ്.പ്രശാന്തിനൊപ്പം എസ്.ഐമാരായ ഗോപകുമാർ, സുദർശനൻ, സിവിൽ പൊലീസ് ഓഫീസർമാരായ സഖിൽ, സലിൽ, നഖാസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
