കൊട്ടാരക്കര : ആശ്രയയുടെ സ്നേഹത്തണലിൽ നിന്നും കുടുംബജീവിതത്തിന്റെ മനോഹാരിതയിലേയ്ക്ക് വലതുകാലെടുത്തു വച്ച് രമ്യ വിമല. കലയപുരം ആശ്രയ സങ്കേതത്തിൽ പഠിച്ചു വളർന്ന മകൾ രമ്യവിമല സമൂഹത്തെ സാക്ഷിയാക്കി പുതു ജീവിതത്തിലേയ്ക്ക് കടന്നു. വരിഞ്ഞം , കാരംകോട്, പുതുവൽ പുത്തൻവീട്ടിൽ റോഷൻ ജേക്കബ് ആണ് രമ്യയ്ക്ക് വരണമാല്യം ചാർത്തിയത് .

ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് തന്റെ നാലാം വയസിൽ കലയപുരം ആശ്രയ സങ്കേതത്തിന്റെ വാത്സല്യ തണലിൽ എത്തിയതാണ് രമ്യ വിമല . അതോടെ ഉറ്റവർ ആരുമില്ലാതിരുന്ന അവൾക്ക് അച്ഛനും അമ്മയും കലയപുരം ജോസും മിനി ജോസും ആയി മാറി. സുന്ദരമായ ബാല്യകാലം സമ്മാനിച്ച ആശ്രയ അവൾക്ക് ജീവിതസ്വപ്നങ്ങളുടെ നിറക്കൂട്ട് ചാർത്തി. താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ രമ്യ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ബിരുദവും കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. നിലവിൽ കലയപുരം ആശ്രയ സങ്കേതത്തിൽ സൈക്യാട്രിക് കൗൺസിലറായി സേവനമനുഷ്ഠിച്ചു വരികയാണ്.
വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി. നാഥ്, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല, കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ്. ആർ .രമേശ്, ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, ഭാര്യ മിനി ജോസ്, സങ്കേതം പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ പിള്ള, ആശ്രയ ഡയറക്റ്റർ ബോർഡ് അംഗങ്ങളായ കെ.ജി.ജോർജ് കണ്ണാറയിൽ, ശാരദാമണിയമ്മ, രമണികുട്ടി ടീച്ചർ, മോഹൻ ജി. നായർ, പട്ടാഴി ജി. മുരളീധരൻ മാസ്റ്റർ, അലക്സ് മാമ്പുഴ, ഭരതൻ കാസർഗോഡ്, സാറാമ്മ കുഞ്ഞുകുഞ്ഞ്, റവ.ഫാ. മാത്യു ബേബി, ഒ. ശാമുവേൽകുട്ടി, ഇരിങ്ങൂർ യോഹന്നാൻ, ജോൺ കുരികേശു തുടങ്ങി നിരവധി സാമൂഹ്യ സാംസ്കാരിക, മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ കലയപുരം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രമ്യയും റോഷൻ ജേക്കബും വിവാഹിതരായി. തുടർന്ന് ആശ്രയ സങ്കേതത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ സമൂഹത്തിലെ നാനാതുറകളിൽ ഉള്ള നൂറുകണക്കിന് ആളുകൾ പങ്കെടുക്കുകയും നവദമ്പതികൾക്ക് വിവാഹ മംഗളാശംസകൾ നേരുകയും ചെയ്തു.