ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. ഇത് 34-ാം തവണയാണ് കേസ് മാറ്റുന്നത്.
സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. സിബിഐ അഭിഭാഷകന് എസ്.വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാല്‍ ലാവലിന്‍ കേസില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. മാറ്റിവയ്ക്കണോ, കുറച്ചുകഴിഞ്ഞ് പരിഗണിക്കണോ എന്ന് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ആരാഞ്ഞപ്പോള്‍ അഭിഭാഷകന് മറ്റൊരു കോടതിയിലാണെന്നും ഇന്ന് ഹാജരാകാനാകില്ലെന്നും സിബിഐ അറിയിച്ചു. തുടര്‍ന്ന് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്നും സുപ്രീം കോടതി ചോദിക്കുകയും ആരും എതിര്‍ക്കാതിരുന്നതോടെ കേസ് മാറ്റുകയുമായിരുന്നു.
പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അസൗകര്യം കാരണം ദീര്‍ഘകാലമായി മാറ്റി വയ്ക്കുന്ന കേസ് 26-ാം ഇനമായാണ് കോടതി ഇന്ന് പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രന്, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐയുടെ അപ്പീലാണ് സുപ്രീംകോടതിയില്‍ മുന്നിലുള്ളത്.