കൊട്ടാരക്കര : എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 169ാം ജയന്തി വിപുലമായി ആഘോഷിക്കും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഹാസമാധിയിൽ നിന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പകർന്നുനൽകിയ ദിവ്യപ്രഭയും വഹിച്ചുകൊണ്ടുള്ള രഥയാത്ര യൂണിയനിലെ 92 ശാഖകളിലുമെത്തിയിരുന്നു. ജയന്തി ആഘോഷങ്ങളുടെ പ്രാധാന്യം ദിവ്യപ്രഭാ പ്രയാണത്തിൽ സ്വാമി ശിവബോധാനന്ദ ഓരോ ശാഖാകേന്ദ്രങ്ങളിലും വ്യക്തമാക്കിയതിന്റെകൂടി അടിസ്ഥാനത്തിലാണ് യൂണിയന്റെ നേതൃത്വത്തിലുള്ള ജയന്തി ഘോഷയാത്ര കൂടുതൽ വിജയകരമാകുന്നത്. 31ന് ചതയദിനത്തിൽ വൈകിട്ട് 3ന് കൊട്ടാരക്കരയിൽ നടക്കുന്ന ജയന്തി ഘോഷയാത്രയിൽ പതിനായിരങ്ങൾ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങിയിട്ടുണ്ട്.
നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും അലങ്കാര കൗതുകങ്ങളും അകമ്പടി സേവിക്കും. കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന ശാഖകൾക്ക് വിവിധ കാറ്റഗറികളിലായി സമ്മാനം നൽകും. യൂണിയൻ, ശാഖ, പോഷക സംഘടനാ ഭാരവാഹികൾ നേതൃത്വം നൽകും. ഗുരുദേവന്റെ തിരുജയന്തി ആഘോഷങ്ങൾ വിപുലമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലനും സെക്രട്ടറി അഡ്വ.പി.അരുളും ചതയാഘോഷ കമ്മിറ്റി ചെയർമാൻ വിനായക എസ്.അജിത് കുമാറും അറിയിച്ചു.