മലപ്പുറം: മലപ്പുറം തൂവ്വൂരില്‍ വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്ത മൃതദേഹം പള്ളിപ്പറമ്ബ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയുടേതാണെന്ന് സ്ഥിരീകരിച്ചു.
കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടതിനാല്‍ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.
ഏകദേശം നാലടിയോളം താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കുഴിച്ചു മൂടിയത്. കാണാതായ 11-ാം തീയതി രാവിലെയാണ് പ്രതികള്‍ സുജിതയെ കൊലപ്പെടുത്തിയത്. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സുജിതയെ പ്രതികള്‍ വിളിച്ചു വരുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാണാതായ സുജിതയുടെ ഫോണില്‍ നിന്നുള്ള അവസാന കോള്‍ വിഷ്ണുവിന്റെ ഫോണിലേക്കായിരുന്നു. ഇതായിരുന്നു പൊലീസിന് വിഷ്ണുവിനെ നിരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. വിഷ്ണുവും സഹോദരന്മാരായ വൈശാഖ്, വിവേക്, സുഹൃത്ത് ഷഹദ് എന്നിവര്‍ ചേര്‍ന്നാണ് സുജിതയെ കൊലപ്പെടുത്തിയതെന്ന് മലപ്പുറം എസ്പി അറിയിച്ചു.
കേസില്‍ പിടിക്കപ്പെടില്ലെന്ന ശക്തമായ ബോധ്യത്തിലായിരുന്നു വിഷ്ണു. അയാള്‍ തന്നെയാണ് എല്ലായിടത്തും സുജിതയെ കാണാനില്ലെന്ന കാര്യം പ്രചരിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണു, സുജിതയെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു.
സുജിതയെ കാണ്മാനില്ല എന്ന കാര്യം കരുവാരക്കുണ്ട് എസ്എച്ച്ഒ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് ആദ്യം ഷെയര്‍ ചെയ്തവരില്‍ ഒരാളും വിഷ്ണുവായിരുന്നു. ‘എല്ലാവരും പരമാവധി ഷെയര്‍ ചെയ്യുക’ എന്ന കുറിപ്പു സഹിതമാണ് പൊലീസിന്റെ പോസ്റ്റ് ഈ മാസം 14 ന് വിഷ്ണു പങ്കുവെച്ചത്.