കൊട്ടാരക്കര : പുലമൺ തോട് കയ്യേറി നടത്തിയ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്കിയിട്ടും, നിർമ്മാണം തുടരുന്ന അനധികൃത നിർമ്മാണം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മൈലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മൈലം ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ് മെമ്പർമാർ തോടു കയ്യേറ്റക്കാരോടൊപ്പവും, യു.ഡി.എഫ് മെമ്പർമാർ നിലം നികത്തുകാരുമായി പ്രവർത്തിക്കുകയാണെന്ന് സമരം ഉത്ഘാടനം ചെയ്ത് കർഷക മോർച്ച സംസ്ഥാന ഉപാദ്യക്ഷൻ സുഭാഷ് പട്ടാഴിപറഞ്ഞു. അനധികൃത നിർമ്മാണം പൊളിച്ചു നീക്കുവാൻ സെക്രട്ടറി തയ്യാറായില്ലെങ്കിൽ യുവമോർച്ച നേതൃത്വത്തിൽ അനധികൃത നിർമ്മാണം പൊളിക്കുവാൻ തയ്യാറാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര സൂചിപ്പിച്ചു. മൈലം ജംഗ്ഷനിൽ നിന്നും ഗ്രാമ പഞ്ചായത്തോഫീസ് പടിക്കലേക്ക് ബി. ജെ പി പ്രവർത്തകരോടൊപ്പം ജനപ്രതിനിധികൾ മാർച്ച് നടത്തി. നിലപാട് വ്യക്തമാക്കാൻ തയ്യാറാകാതിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ ജനപ്രതിനിധികൾ ഉപരോധിച്ചു. അതിനെ തുടർന്ന് ബി. ജെ പി പ്രവർത്തകരും ഗ്രാമ പഞ്ചായത്തോഫീസ് ഉപരോധിച്ചു.

കൊട്ടാരക്കര SHO പ്രശാന്ത് സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ ഉടമയ്ക്ക് നിർമ്മാണം പൊളിയ്ക്കുവാൻ ഇന്ന് തന്നെ നോട്ടീസ് നല്കുമെന്നും, ഉടമ പൊളിച്ചു നീക്കിയില്ലെങ്കിൽ ഏഴു ദിവസത്തിനു ശേഷം പോലീസ് സാന്നിദ്ധ്യത്തിൽ നിർമ്മാണം ഉടൻ പൊളിച്ചു നീക്കുമെന്നും ഉറപ്പു നല്കിയതിനെ തുടർന്ന് ജനപ്രതിനിധികളും, നേതാക്കളും സമരം അവസാനിപ്പിച്ചു. BJP മണ്ഡലം സെക്രട്ടറിമാരായ രജ്ഞിത് വിശ്വനാഥൻ, അരുൺ കാടാങ്കുളം, മണ്ഡലം ഭാരവാഹികളായ പ്രസാദ്പള്ളിക്കൽ, സുരേഷ് അമ്പലപ്പുറം, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ജോമോൻ, കർഷക മോർച്ച ജില്ലാ ജന: സെക്രട്ടറി അജയകുമാർ , ജനപ്രതിനിധികളായ രാജേഷ് അന്തമൺ, ദീപാ ശ്രീകുമാർ, മണി . K, കോട്ടാത്തല ഏരിയ പ്രസിഡന്റ് കൃഷ്ണൻ കുട്ടി, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് രാഹുൽ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സന്തോഷ്, പട്ടികജാതിമോർച്ച മണ്ഡലം പ്രസിഡന്റ് രാധാമണി എന്നിവർ നേതൃത്വം നല്കി.