വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാൻ സാങ്കേതിക സമിതി രൂപീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രി ഉന്നത തലയോഗം വിളിച്ചത്.
മനുഷ്യനിർമിതവും യന്ത്ര തകരാറും, പരിസ്ഥിതി പ്രശ്നങ്ങളുമാണ് വാഹനങ്ങളുടെ തീപിടുത്തത്തിന് കാരണം. 50 ശതമാനത്തിലേറെയും തീപിടുത്തം ഉണ്ടാവുന്നത് ഇലക്ട്രിക്കൽ സർക്യൂട്ടിന്റെ പ്രശ്നങ്ങൾ മൂലമാണെന്ന് യോഗം വിലയിരുത്തി. വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടി. ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങളും ഇലക്ട്രിക് വയറുകളും ഉപയോഗിച്ചുള്ള അനധികൃത ഓൾട്ടറേഷനുകൾ മൂലം വാഹനങ്ങൾ അഗ്നിക്കിരയാക്കാനുള്ള സാധ്യത വർധിക്കുന്നു.
ഇത്തരം അപകടങ്ങളെക്കുറിച്ച് പഠിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ റോഡ് സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം മുൻ ജോയിന്റ് ഡയറക്ടർ ഡോ. സുനിൽ എസ്.പി, സാങ്കേതിക വിദഗ്ധൻ രമേശ് കെ.ജെ, എസ്.സി.എം.എസ് പ്രൊഫസർ ഡോ. മനോജ് കുമാർ, ശ്രീചിത്ര എൻജിനീയറിങ് കോളജ് ഓട്ടോമൊബൈൽ വിഭാഗം പ്രൊഫസർ ഡോ. കമൽ കൃഷ്ണ, ട്രാഫിക് പോലീസ് ഐ.ജി, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ അംഗങ്ങളായ സമിതി രൂപീകരിച്ചു.