പാലക്കാട്∙ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഡാമുകളിൽ വെള്ളമില്ലാത്തതും, മഴ കുറഞ്ഞതും, വൈദ്യുതി ഉപഭോഗം കൂടിയതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. ഇതേത്തുടർന്ന് ലോഡ് ഷെഡിങും നിരക്ക് വർധനവും ഉൾപ്പെടെയുള്ള ചില നിയന്ത്രണങ്ങൾ വേണ്ടിവന്നേക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. പീക്ക് അവറിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും അദ്ദേഹം ചിറ്റുരിൽ പറഞ്ഞു. ലോഡ് ഷെഡിങ് അടക്കമുള്ള കാര്യങ്ങളിൽ 21ന് ചേരുന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമെടുക്കുക.
സംസ്ഥാനത്ത് നിലവിൽ 30 ശതമാനമാണ് വൈദ്യുതി ഉൽപാദനം. ശേഷിക്കുന്ന 70 ശതമാനം പുറത്ത് നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. യുഡിഎഫ് കാലത്ത് വൈദ്യുതി വാങ്ങിയിരുന്നതിൽ ചില ക്രമക്കേട് കണ്ടതിനാൽ ചില കരാറുകൾ സർക്കാർ റദ്ദാക്കിയിരുന്നു. ഇതേതുടർന്ന് 460 മെഗാവാട്ടിന്റെ കുറവ് നിലവിലുണ്ട്. ‘‘ഡാമുകളിൽ വെള്ളം തീരെ കുറവാണ്. മഴ ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല. നിലവിൽ കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളത്. നിരക്ക് വർധനവ് അടക്കമുള്ള കാര്യങ്ങളിൽ റെഗുലേറ്ററി കമ്മിഷനാണ് തീരുമാനമെടുക്കേണ്ടത്’’– മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.