ഹൈദരാബാദ്: തിരുപ്പതി തീർഥാടനത്തിനെത്തിയ ആറുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. ലക്ഷിത എന്ന കുട്ടിയാണ് മരിച്ചത്. അലിപിരി വാക്ക് വേയിൽ ഇന്നലെ വൈകീട്ടാണ് പുലിയുടെ ആക്രമണം ഉണ്ടായത്. അച്ഛനും അമ്മയ്ക്കും ഒപ്പം നടക്കവെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. മകളെ കാണാതായതോടെ ഇവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിനെ ബന്ധപ്പെടുകയായിരുന്നു.
ഇന്നലെ വൈകീട്ട് ഏഴരയോടെ നരസിംഹ സ്വാമി ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. കുട്ടിയെ കാണാതായതോടെ ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹാവശിഷ്ടം. കുട്ടിയുടെ തലയിൽ നിരവധി മുറിവുകളുണ്ട്.