എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ വനിതാ കമ്മീഷൻ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. വനിതാ കമ്മീഷൻ അധ്യക്ഷയുടെ നേതൃത്വത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവർ പരാതികൾ പരിഗണിച്ചു. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ അന്തസോടെയും ആത്മാഭിമാനത്തോടെയും ജോലി ചെയ്യാനുള്ള അന്തരീക്ഷമൊരുക്കണമെന്ന് നിഷ്ക്കർഷിക്കുന്ന 2013 ലെ നിയമം അനുസരിച്ചുള്ള പരാതി പരിഹാര സംവിധാനം പല സ്ഥാപനങ്ങളിലും നിലവിൽ വന്നിട്ടില്ലെന്ന് കമ്മീഷനു മുൻപാകെ ലഭിക്കുന്ന പരാതികൾ വ്യക്തമാക്കുന്നു. പരാതികൾ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം ഓരോ സ്ഥാപനങ്ങളിലുണ്ടാകണം. സ്വകാര്യ തൊഴിലിടങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരാതി പരിഹാര സംവിധാനങ്ങളിലൂടെ പരിഹരിക്കപ്പെടണം. വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിൽ സംവിധാനമുണ്ട്.
