ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ പറയുന്ന ഏകീകൃത സിവിൽ കോഡു വേണോ വേണ്ടയോ എന്നതേയല്ല ഇപ്പോൾ സംഘപരിവാർ ഇതു ചർച്ചയാക്കുന്നതിനു പിന്നിലെ അജണ്ട.ഭരണഘടനയിൽ പറയുന്ന പൊതു സിവിൽ നിയമമല്ല, സംഘപരിവാറിന്റെ മനസ്സിലുള്ള പൊതു സിവിൽ നിയമം. അതു മനുസ്മൃതി പ്രകാരമുള്ള ഒരു നിയമമാണ്. അതാകട്ടെ, സംഘപരിവാർ പണ്ടേതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.ഭരണഘടനാ ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽത്തന്നെ ഇന്നത്തെ സംഘപരിവാറിന്റെ പൂർവരാഷ്ട്രീയ രൂപം അതിന്റെ പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്.
ഭരണഘടന രൂപപ്പെടുത്താൻ മാതൃക തേടി വിദേശ രാഷ്ട്രങ്ങളിലേക്കൊന്നും പോകേണ്ടതില്ല; നമ്മുടെ സ്വന്തം ബ്ലൂ പ്രിന്റ് ഇക്കാര്യത്തിൽ നമ്മുടെ മുമ്പിലുണ്ട്, അതു മനുസ്മൃതിയാണ്. ഇതായിരുന്നു അതിന്റെ ഉള്ളടക്കം. പിന്നീട് 1950 ഓടെ ഭരണഘടന രൂപപ്പെട്ടപ്പോഴോ? ആ ഭരണഘടനയെ തങ്ങൾ അംഗീകരിക്കുന്നില്ല എന്നു പറയാനും അവർക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.ഭരണഘടനയെ അക്ഷരത്തിലും അർത്ഥത്തിലും തള്ളിപ്പറയുന്നവർ ഭരണഘടനയിലെ ഏതോ ഒരു കാര്യം നടപ്പാക്കാനിറങ്ങിയിരിക്കുകയാണ് എന്ന തെറ്റിദ്ധാരണയൊന്നും ആർക്കും വേണ്ട. അവർക്കു ഭരണഘടന മനുസ്മൃതിയാണ്. അതിലെ വ്യവസ്ഥകൾ പ്രകാരം ഇന്ത്യൻ സാമൂഹ്യഘടനയെ പുനഃക്രമീകരിക്കുകയാണ് അവർക്കു വേണ്ടത്.