കൊട്ടാരക്കര : ഒറ്റയ്ക്ക് താമസിച്ചുവന്ന ഭിന്നശേഷിക്കാരനായ യുവാവിന്റെ മരണത്തിൽ കോൺഗ്രസ് കാരനായ പഞ്ചായത്ത് മെമ്പർക്കെതിരെ ആരോപണവുമായി സുഹൃത്തുക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം (വെള്ളി) ആണ് വാളകം മുള്ളിയിൽ കുമ്പുക്കാട്ട് ബംഗ്ലാവിൽ സുനിൽ ജോർജ്ജ്(48) മരണപ്പെട്ടത്. ജൂലൈ 6 ന് രാത്രി ഉമ്മന്നൂർ പഞ്ചായത്തംഗവും കോൺഗ്രസ് വാളകം വാർഡ് പ്രസിഡന്റുമായ അനീഷ് മംഗലത്ത് സുനിലിന്റെ വീട്ടിലെത്തി മർദ്ദിക്കുകയും ആയുധമുപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായി കാണിച്ചു കൊട്ടാരക്കര ഡിവൈഎസ് പിയ്ക്ക് പരാതി നല്കിയിരുന്നു. ഇരുവരും തമ്മിൽ വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇത് സംസാരിക്കുന്നതിനായാണ് അനീഷ് മംഗലത്ത് സുനിൽ ജോർജ്ജിന്റെ വീട്ടിലെത്തുന്നത്. ഇയാൾ മദ്യപിച്ച് വീട്ടിൽ കടന്ന് വന്ന് തന്നെ മർദ്ദിച്ച് അവശനാക്കുകയും ഇടതു കയ്യിൽ കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിവുണ്ടാക്കുകയും ചെയ്തതായാണ് ഡിവൈ എസ് പി യ്ക്ക് നല്കിയ പരാതിയിലുള്ളത്. രോഗിയായ തനിക്ക് സഹായത്തിന് ആരുമില്ലെന്നും പണി തീരാത്ത വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന തന്റെ ചികിത്സയ്ക്കായി കരുതിവച്ചിരുന്ന പതിനയ്യായിരം രൂപ എടുത്തുകൊണ്ട് പോയെന്നും പരാതിയിലുണ്ട്. എന്നാൽ ഈ പരാതി വേണ്ടത്ര ഗൗരവത്തിൽ പൊലീസ് എടുത്തില്ലെന്നും ഇരുകക്ഷികളെയും വിളിച്ച് ഒത്തുതീർപ്പാക്കി വിട്ടതു മൂലം രോഗിയായ തനിക്ക് നീതി ലഭിച്ചില്ലെന്നും ഇതിന്റെ മാനസിക പ്രയാസത്തിലാണ് താനെന്നും പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു. ആരോപണ വിധേയനായ പഞ്ചായത്തംഗം കോൺഗ്രസിന്റെ ഉമ്മന്നൂർ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറാണ്. സുനിൽ ജോർജ്ജിന്റെ അച്ഛൻ എം ജോർജ്ജ്, അമ്മ അന്നമ്മ ജോർജ്ജും നേരത്തെ മരണപ്പെട്ടിരുന്നു. ഏക സഹോദരൻ വിദേശത്താണ്. കുടുംബ വീടിന് സമീപം ചെറിയ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു.
