കൊട്ടാരക്കര : ഒരേ ദിവസം തന്നെ ക്ഷേത്രത്തിലും പള്ളിയിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കര പോലീസിൻ്റെ പിടിയിൽ. കഴിഞ്ഞ ദിവസം വല്ലത്തുള്ള ജുമാ മസ്ജിദിലും പടിഞ്ഞാറ്റിൻകര അമ്മൻ കോവിലിലും മോഷണം നടത്തിയ തിരുവനന്തപുരം ജില്ലയിൽ മംഗലാപുരം ചെമ്പകമംഗലം ഊരുകോണത്ത് പുത്തൻവീട്ടിൽ ബ്ലേഡ് അയ്യപ്പൻ എന്ന് വിളിക്കുന്ന അയ്യപ്പൻ(33) നെ കൊട്ടാരക്കര പോലീസ് പിടികൂടി. ക്ഷേത്രത്തിൽ ആദ്യം മോഷണം നടത്തിയ പ്രതി അവിടെ നിന്നും കൈക്കലാക്കിയ ഇരുമ്പ് ശൂലം ഉപയോഗിച്ചാണ് പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ചത്. ശൂലം പള്ളിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ശൂലം പള്ളിയിൽ കണ്ട വിവരം അറിഞ്ഞ് ഉടൻ തന്നെ സ്ഥലത്ത് എത്തി. കൊട്ടാരക്കര പോലിസ് നടത്തിയ അന്വേഷണത്തിൽ മോഷണ ശ്രമം നടന്നതായി തിരിച്ചറിഞ്ഞു. സ്ഥലത്ത് നിന്നും ശേഖരിച്ച CCTV ദ്യശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി കുറച്ച് നാളുകളായി കരുനാഗപ്പള്ളി കുലശേഖരപുരം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് താമസ സ്ഥലം അന്വേഷിച്ച് വരികയായിരുന്നു. പ്രതിയുടെ വാടക വീട്ടിൽ എത്തിയ പോലീസ് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി കേസുകളിൽ പിടിയിലാകുമ്പോൾ ബ്ലെയ്ഡ് ഉപയോഗിച്ച് സ്വന്തം ശരീരം കീറി മുറിച്ച് രക്ഷപ്പെടാൻ ശ്രമിക്കാറുള്ള അയ്യപ്പനെ കൊട്ടാരക്കര പോലീസ് തന്ത്രപൂർവ്വം പിടികുടുകയായിരുന്നു. കൊട്ടാരക്കര ഐഎസ്എച്ച്ഒ പ്രശാന്ത് വി എസ്, എസ് ഐ ഗോപകുമാർ ജി, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ദീപു കെ എസ്, എഎസ്ഐ ജുമൈല, സിപിഒ മാരായ രാജേഷ്, നഹാസ്, സഹിൽ, ഗണേഷ്, ബിബിൻ, കിരൺ, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
