തൃശൂർ: ഡ്യൂട്ടിക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് കുത്തേറ്റ് കൊല്ലപ്പെട്ട ഹൗസ് സർജൻ വന്ദന ദാസിന് ആരോഗ്യസർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് വന്ദനയുടെ മാതാപിതാക്കൾ ഏറ്റുവാങ്ങി. ബിരുദ സർട്ടിഫിക്കേറ്റ് വാങ്ങുമ്പോൾ കണ്ണീരണിഞ്ഞ വന്ദനയുടെ അമ്മ വസന്ത കുമാരിയെ ഗവർണർ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. വികാരനിർഭരമായിരുന്നു ചടങ്ങ്.
എംബിബിഎസിന് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് വന്ദന കൊല്ലപ്പെട്ടത്. മേയ് 10 ന് പുലർച്ചെയാണ് വന്ദനയ്ക്ക് കുത്തേറ്റത്.
ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് പോലീസ് കൊണ്ടുവന്ന സന്ദീപ് എന്ന ആളായിരുന്നു വന്ദനയെ കൊലപ്പെടുത്തിയത്. അക്രമാസക്തനായ പ്രതി കത്രിക എടുത്ത് വന്ദനയെ ആക്രമിക്കുകയായിരുന്നു. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതി. പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പരമാവധി തെളിവുകൾ ശേഖരിച്ച് 83 ദിവസം നീണ്ടു നിന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഒടുവിലാണ് കുറ്റപത്രം നൽകിയത് .
സന്ദീപിന്റെ വസ്ത്രത്തിലെ ഡോ. വന്ദനയുടെ രക്തക്കറ,ആക്രമിക്കാൻ ഉപയോഗിച്ച കത്രികയിലെ വന്ദനയുടെ രക്തം തുടങ്ങിയവ സംബന്ധിച്ച ഫൊറൻസിക് ലാബ് റിപ്പോർട്ടുകളും സമർപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സാ ദൃശ്യങ്ങൾ സന്ദീപ് റെക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് അയിച്ചിരുന്നു. ഇത് ആക്രമ സമയത്ത് സന്ദീപിന് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്നതിന്റെ തെളിവായാണ് ഈ റിപ്പോർട്ടുകൾ.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലാണ് വന്ദന എം ബി ബി എസ് പഠിച്ചത്. കോട്ടയം മുട്ടുച്ചിറ നമ്പിച്ചിറക്കാലായിൽ ( കാളി പറമ്പ് ) കെ ജി മോഹൻ ദാസിന്റേയും വസന്ത കുമാരിയുടേയും ഏക മകളാണ് വന്ദന.