കല്പ്പെറ്റ: വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞിനെയുമെടുത്ത് ഗർഭിണിയായ യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃകുടുംബം പോലീസ് പിടിയിൽ. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ കമ്പളക്കാട് പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒളിവിലായിരുന്ന ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
ദര്‍ശനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഓം പ്രകാശിനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. ഭർത്താവും കുടുംബവും മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും ജാമ്യപേക്ഷ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം 13ന് ആണ് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍-വിശാലാക്ഷി ദമ്പതികളുടെ മകള്‍ ദര്‍ശന(32) അഞ്ചുവയസുകാരിയായ മകള്‍ ദക്ഷയുമായി പുഴയിൽ ചാടി ജീവനൊടുക്കിയത്.
നിരന്തരമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. മുമ്പ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് ദർശനയുടെ അമ്മ വിശാലാക്ഷി പറയുന്നത്. സർക്കാർ ജോലിയെന്ന മോഹം വീട്ടുവരാന്തയിലെത്തിയപ്പോഴാണ് ദർശന ജീവനൊടുക്കുന്നത്. വിഷം കഴിച്ച ശേഷമാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടിയത്.