കൊല്ലം: ഹോട്ടലിൽ വിളമ്പിയ കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. മാമ്മൂട് ജങ്ഷനു സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടലിലാണ് അക്രമം അരങ്ങേറിയത്. മൂന്നുപേർക്ക് കുത്തേൽക്കുകയും മൂന്നുപേർക്ക് തലയ്ക്കടിയേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്. കമ്പിവടികൊണ്ട് അടിയേറ്റ് പ്രിൻസിൻ്റെ മാതൃസഹോദരൻ റോബിൻസൺ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ (23), ഷാഫിൻ്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവർക്കാണ് പരിക്കേറ്റത്. ചക്കവിൽപ്പന നടത്തുന്നവരാണ് തമിഴ്നാട് സ്വദേശികൾ.