കൊട്ടാരക്കര ∙ ഉദ്ഘാടനം കഴിഞ്ഞ് 7 മാസം കഴിഞ്ഞിട്ടും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമാണം പൂർത്തിയായില്ല. ഈ കെട്ടിടത്തിലേക്കു സാമഗ്രികൾ മാറ്റിയ ശേഷം വേണം രണ്ടാംഘട്ട ബഹുനില കെട്ടിട നിർമാണത്തിനായി പഴയ 2 കെട്ടിടങ്ങൾ പൊളിക്കാൻ. ധനകാര്യ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഒച്ചിഴയും വേഗത്തിൽ ആശുപത്രി വികസനം നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്ഥലപരിമിതിയിലും പരാധീനതകളിലും ആണു താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം.
17316 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ 3 ബഹുനില സമുച്ചയങ്ങൾ, 233 കിടക്കകൾ. 2 വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിർമാണം ആരംഭിച്ചിട്ടു 3 വർഷങ്ങൾ കഴിഞ്ഞു. മുൻ എംഎൽഎ പി.അയിഷ പോറ്റിയുടെ ശ്രമഫലമായാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. രാജ്യാന്തര നിലവാരത്തിൽ സർക്കാർ ആശുപത്രി ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവിലുള്ള സംവിധാനത്തെയും രോഗികളെയും വലച്ചു കെട്ടിടങ്ങളുടെ നിർമാണം അനന്തമായി നീളുകയാണെന്നു മാത്രം.