കാർബൺ മുക്ത കൃഷിയിടങ്ങൾക്കായി പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളെ കാർഷിക മേഖലയിൽ വ്യാപകമാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാലാവസ്ഥാ അതിജീവനശേഷിയും ഊർജ കാര്യക്ഷമതയും കാർഷിക മേഖലയിൽ എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്ററും കാർഷിക വികസന , കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥാവ്യതിയാനവും ആഗോള താപനവും കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നു. പരമ്പരാഗത കാർഷിക കലണ്ടറുകൾ പിൻതുടരുന്നതിനു പകരം നിലവിലെ മാറ്റങ്ങൾ അടിസ്ഥാനമാക്കി കൃഷി ചെയ്യണം. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ കാലവസ്ഥ വ്യതിയാനങ്ങളുടെ ഇരകൾ കർഷകർ മാത്രമല്ല, സമൂഹം കൂടിയാണ്. ചെറിയ കാലയളവിൽ മികച്ച വിളകൾ നൽകുന്ന വിത്തുകളെ ആശ്രയിക്കുന്നതാണ് പ്രായോഗികം.

മണ്ണ്, പ്രകൃതി, വിള എന്നിവ അടിസ്ഥാനമാക്കി കൃഷിയിടത്തിൽ നിന്നു തന്നെ മികച്ച ആസൂത്രണമുണ്ടാകണം. ഈ മാതൃകയിൽ പതിനായിരം ഫാം പ്ലാനുകൾ സർക്കാർ തയാറാക്കി കഴിഞ്ഞു. പാരമ്പര്യേതര ഊർജ സ്രോതസിനെ ഉപയോഗിക്കുന്ന സോളാർ പമ്പുകൾ, പെട്ടി പറ എന്നിവ പോലെയുള്ള പദ്ധതികൾ കാർഷിക മേഖലയിൽ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണ്, ജലം എന്നിവയുടെ ശാസ്ത്രീയമായ വിനിയോഗത്തിലൂടെ കാർഷിക മേഖലയിലെ ഊർജ നഷ്ടം കുറക്കാനാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പാരമ്പര്യേതര ഊർജ വിഭാഗത്തിൽപ്പെട്ട സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജം എന്നിവ ഉപയോഗിക്കുന്നതിലൂടെ അധിക വൈദ്യുതിയിൽ കർഷകർക്ക് വരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.