കോട്ടയം : ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ എത്തും. പുതുപ്പള്ളിയിൽ നടക്കുന്ന ചടങ്ങുകൾക്കാണ് രാഹുൽ എത്തുക. ഇന്നലെ ബംഗളുരുവിലുള്ള മന്ത്രി ടി ജോണിന്റെ വീട്ടിൽ എത്തിരാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. കുടുംബത്തെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചാണ് മടങ്ങിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍ വെച്ച് അന്ത്യശുശ്രൂഷ നടക്കും. ഒരു മണിയോടെയാണ് പുതുപ്പള്ളി പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിക്കുക. രണ്ട് മണി മുതല്‍ മൂന്ന് വരെയുള്ള സമയം വടക്കേ പന്തലില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. മൂന്നരയോടെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അന്ത്യശുശ്രൂഷ നൽകും. വൈകിട്ട് അഞ്ചു മണിക്കാണ് അനുശോചന സമ്മേളനം.