തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്ന് പട്ടാപ്പകൽ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിലായി. 20 വയസുകാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് പുതുക്കാട് നിന്ന് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെയും കണ്ടെത്തി. ചൈൽഡ് ലൈൻ അംഗങ്ങളെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ചാണ് യുവാവ് പെൺകുട്ടിയെ കടത്തിയത്. തൃശൂര്‍ റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. തൃശൂർ, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
