പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിക്ക് മറുകരയിൽ വനമേഖലയിലാണ് കുരുമ്പൻ മൂഴി, അരയാഞ്ഞിലിമൺ ഗിരി വർഗ്ഗ കോളനികൾ ഉള്ളത്. ഗ്രാമപ്രദേശത്തുനിന്ന് ഇരുകോളനികളിലേക്കും എത്താൻ ആശ്രയമായ കോസ് വേ പമ്പയിൽ ജലനിരപ്പ് ഉയർന്നാൽ ഇരുഗ്രാമങ്ങളും പുറംലോകത്തുനിന്നു ആഴ്ച്ചകളോളം ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥ നിത്യസംഭവമാണ്. ഈ വർഷം മഴക്ക് മുമ്പായിത്തന്നെ ഇരു കോളനികളിലെയും കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മരുന്നും എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥർക്കൊപ്പം കോളനികൾ സന്ദർശിച്ചശേഷം കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ പറഞ്ഞു.
ഇതോടെ റാന്നി താലൂക്കിലെ ആയിരത്തോളം ആദിവാസി കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാകും. കുരുമ്പൻ മൂഴി, അരയാഞ്ഞിലിമൺ പാലങ്ങൾ ഒരു വർഷത്തിനകം യാഥാർഥ്യമാകും. ഇരു പാലങ്ങൾക്കും ഭരണാനുമതി ലഭിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ പറഞ്ഞു. നാല് കോടിയോളം ചിലവിൽ കുരമ്പൻ മൂഴിയിലും രണ്ടേ മുക്കാൽ കോടി രൂപ ചിലവിൽ അരയാഞ്ഞിലി മണ്ണിലും പാലം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചിട്ടുണ്ട് .ഒരു വർഷത്തിനകം ഇരു പാലങ്ങളും നിർമ്മാണം പൂർത്തിയാക്കുമെന്നും ഡോ. ദിവ്യാ എസ് അയ്യർ പറഞ്ഞു.