കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പടി കയറുന്നതിനിടയിൽ വീണ് രോഗി മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്കെതിരെ നടപടി. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരായ ഷെറീനാ ബീവി, അജന്ത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രോഗിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടിയെടുത്തത്.
കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുറുമ്പാലൂര്‍ സ്വദേശി രാധാകൃഷ്ണൻ വീണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. ഇഞ്ചക്ഷന് നല്കി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ കിടക്ക ഇല്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവില്‍ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് പടികയറ്റുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ രാധാകൃഷ്ണനെ ഐസിയുവിൽ നിരീക്ഷണത്തിലാക്കുകയോ വാർഡിലേക്കു കൊണ്ടുപോകാൻ റാമ്പ് തുറന്നുനൽകുകയോ ചെയ്തിരുന്നില്ല. പടികൾ നടന്നുകയറേണ്ടി വന്നതാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നു കാട്ടി ബന്ധുക്കൾ ആശുപത്രി അധികൃതർക്കും പോലീസിലും പരാതി നൽകിയിരുന്നു.
രണ്ടാം നിലയിലേക്ക് കയറുന്നതിനിടയിൽ പാതിവഴിയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സ്ട്രെച്ചറോ വീല്‍ചെയറിലോ കൊണ്ടു പോകാന്‍ റാമ്പ് തുറന്ന് നല്കാന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് മകന് അഭിജിത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.