അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകൾ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി വിജയികളെ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 10 വിഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങൾക്കാണ് സഹകരണ വകുപ്പ് അവാർഡ് നൽകുന്നത്. ഓരോ വിഭാഗത്തിലും മൂന്ന് അവാർഡുകളുണ്ട്. ഒന്നാം സ്ഥാനക്കാർക്കും വ്യക്തിഗത അവാർഡുകൾക്കും ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. രണ്ടാം സ്ഥാനക്കാർക്ക് 50000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും അവാർഡ് ലഭിക്കും.
മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രസിഡണ്ട് രമേശൻ പാലേരി അർഹനായി. സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്കാരത്തിന് കൊല്ലം ജില്ലാ സഹകരണ ആശുപത്രി (എൻ എസ് ആശുപത്രി) അർഹമായി.
ഈ വർഷത്തെ അന്തർദേശീയ സഹകരണ ദിനത്തിന്റെ പ്രമേയമായ ‘കോ-ഓപ്പറേറ്റീവ് ബിൽഡ് എ ബെറ്റർ വേൾഡ്’ എന്ന പ്രമേയം അടിസ്ഥാനമാക്കി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഫാർമേഴ്സ് സഹകരണ ബാങ്കിന് 2023ലെ കോപ് ഡേ പുരസ്കാരം ലഭിച്ചു.