സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ജൂൺ 30നു സർവീസിൽനിന്നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. ഇപ്പോൾ ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. വി. വേണു.
സംസ്ഥാനത്തിന്റെ ടൂറിസം, സാംസ്കാരിക രംഗങ്ങളിൽ ഭരണപരവും ക്രിയാത്മകവുമായ മികച്ച ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥനാണു ഡോ. വി. വേണു. സംസ്ഥാന ടൂറിസം ഡയറക്ടറായും ടൂറിസം വകുപ്പ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ച കാലത്താണു സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വാണിജ്യപരമായ മികച്ച നേട്ടമുണ്ടാക്കുകയും ശക്തമായ സ്വകാര്യ – പൊതുമേഖലാ ബന്ധം കെട്ടിപ്പടുക്കുകയും ചെയ്തത്. ‘കേരള ട്രാവൽ മാർട്ട്’ എന്ന ആശയത്തിനു പിന്നിൽ അദ്ദേഹമായിരുന്നു. ഉത്തരവാദിത്ത ടൂറിസത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിനു പ്രേരണ നൽകിയതും അദ്ദേഹമായിരുന്നു. ‘ആൻ ഇൻട്രൊഡക്ഷൻ ടു ദ ബിസിനസ് ഓഫ് ടൂറിസം’ എന്ന പേരിൽ അദ്ദേഹമെഴുതിയ പുസ്തകം ടൂറിസം വിദ്യാർഥികൾക്ക് ആധികാരിക ഗ്രന്ഥമാണ്.
2007 മുതൽ 2011 വരെ സാംസ്കാരിക വകുപ്പ് സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. ഇക്കാലത്താണ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള ആരംഭിച്ചത്. കേരളം മ്യൂസിയം എന്ന പേരിൽ പുതിയ മ്യൂസിയം നിർമിക്കുന്നതും ഇക്കാലത്താണ്. സംസ്ഥാനത്തെ മ്യൂസിയങ്ങൾ, പുരാരേഖകൾ എന്നിയുടെ സംരക്ഷണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.