കുപ്രസിദ്ധ ക്രിമിനലായ പുനലൂർ ശിവൻകോവിൽ ഷാഹിദ മൻസിലിൽ താജുദീന്റെ മകൻ പന്നി നിസാം എന്ന് വിളിക്കുന്ന നിസാം (30)എന്നയാളെ രണ്ടാം തവണയും കാപ്പ നിയമ പ്രകാരം പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ദിവസം പുനലൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുനലൂർ,ഏരൂർ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി, സ്ത്രീകളെ ആക്ഷേപിക്കൽ തുടങ്ങി വിവിധ കേസുകളിലെ പ്രതിയാണ് ഇയാൾ. ഇയാളെ പുനലൂർ പോലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ആറ് മാസം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ പാർപ്പിച്ചിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഏരൂർ പോലീസ് സ്റ്റേഷനിലെ വിളക്കുപാറ എന്ന സ്ഥലത്ത് അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് അടിപിടി ഉണ്ടാക്കി ഒരാളുടെ തല ഇയാൾ അടിച്ചു പൊട്ടിച്ചിരുന്നു. ഈ സംഭവത്തിന് ഏരൂർ പോലീസ് വധ ശ്രമത്തിന് കേസ് എടുത്തിരുന്നു. ഇതിന് ശേഷം ഒളിവിൽ കഴിഞ്ഞ ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഇയാൾക്കെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിന് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കി കൊല്ലം ജില്ലാ കളക്ടർക്ക് കൈമാറിയിരുന്നു. റിപ്പോർട്ട് അംഗീകരിച്ച കളക്ടർ ഇയാളുടെ കാപ്പ അംഗീകരിച്ച് തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് ഇട്ടിരുന്നു. തുടർന്ന് ഇയാളെ പുനലൂർ ഡിവൈഎസ്പി വിനോദിന്റെ നിർദ്ദേശാനുസരണം പുനലൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ് ഐ ഹരീഷ്, സി പി ഒ മാരായ ഷിജുകുമാർ രാകേഷ് ബാബു, ഗിരീഷ് എന്നിവർ ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ഇയാളെ പൂജപ്പുര ജയിലിലേക്ക് മാറ്റി . സ്ഥിരമായി കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ തുടരുമെന്ന് പുനലൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ അറിയിച്ചു.
