27 കോടി രൂപ ചെലവിൽ 43,500 ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാലയിൽസ്ഥാപിക്കുന്ന അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം യാഥാർഥ്യമാകുന്നതോടെ ഡിജിറ്റൽ സാങ്കേതിക വിദ്യാഭ്യാസ പഠന ഗവേഷണ രംഗത്തെ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 15 ഐ.ടി പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ സർവകലാശാലയിൽ മൂന്ന് പദ്ധതികൾ, സി-ഡിറ്റിൽ നാല് പദ്ധതികൾ, കൊച്ചി ഇൻഫോപാർക്കിൽ ഒരു പദ്ധതി, ഐസി ഫോസിൽ അഞ്ച് പദ്ധതികൾ, ഐ.ടി മിഷന്റെ രണ്ട് പദ്ധതികൾ എന്നിവയാണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്.
ഡിജിറ്റൽ സർവകലാശാലയിൽ അന്താരാഷ്ട്ര ഹോസ്റ്റൽ ബ്ലോക്കിന്റെ ശിലാസ്ഥാപനം, പ്രിന്റഡ് സർക്യൂട്ട് ബോർഡ് ലാബ്, ഇലക്ട്രോണിക്സ് ലാബ് എന്നിവയാണ് പുതിയ പദ്ധതികൾ. ഡിജിറ്റൽ സാങ്കേതിക പഠന ഗവേഷണ രംഗത്തെ ഹബ്ബായി മാറുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിലെയും ഹബ്ബായി കേരളം മാറുന്ന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.