കൊല്ലം ; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. സഹിക്കാന്‍ കഴിയാത്ത സംഭവമാണ്. 23 വയസ് മാത്രമുള്ള ഒരു പെണ്‍കുട്ടിക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പോലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു
വളരെ ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ് ഈ സംഭവം. മയക്കുമരുന്ന് എന്തോ പ്രതി ഉപയോഗിച്ചിരുന്നുവെന്നാണ് കിട്ടുന്ന വിവരം. പ്രതിയെ വിലങ്ങ് വയ്ക്കാതെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാന്‍ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങളില്‍ പോലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമായിരുന്നു. സംഭവം നടന്ന ശേഷം മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ട് കാര്യമില്ല. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് മന്ത്രിമാര്‍ കൂടിയാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്ജന് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്ന കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കുത്തിയത്. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കുത്തേറ്റത്.