തിരുവനന്തപുരം: സൈനിക - അർദ്ധസൈനിക വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ നിന്നും ആദ്യ മലയാളി സംഘം കേരളത്തിലെത്തി. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി കേന്ദ്ര സർക്കാർ സുഡാനിൽ നിന്നും ഡൽഹിയിലെത്തിച്ച ആദ്യ ഇന്ത്യൻ സംഘത്തിലെ കേരളീയരായ എട്ടുപേർ കൊച്ചിയിലും, മൂന്നു പേർ തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് എത്തിയത്. കലാപത്തിനിടെ വെടിയേറ്റ് മരിച്ച മലയാളി കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല, മകൾ മരീറ്റ,ബിജി ആലപ്പാട്ട്, ഭാര്യ ഷെരൂൺ, മക്കളായ ഡാനിയേൽ, മിഷേൽ, റോഷലേ , ഇടുക്കി സ്വദേശി ജയേഷ് വേണു എന്നിവരാണ് ഇന്നലെ കൊച്ചിയിലെത്തിയത്. രാവിലെ 11.30 ഓടെ കൊട്ടരക്കര സ്വദേശികളായ തോമസ് വർഗ്ഗീസ്, ഭാര്യ ഷീലാമ്മ, മകൾ ഷെറിൻ തോമസ്, എന്നിവർ വിസ്താര എയർലൈൻസിൽ തിരുവനന്തപുരത്തുമെത്തി. ഇരുവിമാനത്താവളങ്ങളിലും നോർക്ക റൂട്ട്സ് പ്രതിനിധികൾ ചേർന്ന് ഇവരെ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ഡൽഹിയിൽ നിന്നും നാട്ടിലേക്കുളള യാത്രാചെലവുകൾ ഉൾപ്പെടെ സംസ്ഥാനസർക്കാർ വഹിച്ചു. ജിദ്ദയിൽ നിന്നും വൈകിട്ട് അഞ്ച് മണിയോടെ മുംബയ് വിമാനത്താവളത്തിലെത്തിയ സംഘത്തിലെ ഏഴു മലയാളികളെ നോർക്ക അധികൃതർ സ്വീകരിച്ചു. പത്തനംതിട്ട സ്വദേശികളായ ജോസ് ജോർജ്ജ്, തോമസ് മാത്യു, കൊല്ലം സ്വദേശി രാജു ബേബി, തിരുവനന്തപുരം സ്വദേശികളായ ഷബീൻ സുദേവൻ, രജിത്ത് സുധ, മലപ്പുറം സ്വദേശി ശിവൻ പട്ടേൽ, കാസർഗോഡ് സ്വദേശി അജു മൂളയിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ രാത്രി 10.50 ന്റെ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തെത്തി .അഞ്ചുപേർക്ക് മുംബയിലെ കേരളാഹൗസിൽ താമസസൗകര്യം ഒരുക്കി. ഇവരെ ഇന്ന് ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തിക്കും. മൂന്നുപേർ തിരുവനന്തപുരത്തും രണ്ടു പേർ കണ്ണൂരിലും കോഴിക്കോട് വിമാനത്താവളങ്ങളിലുമെത്തിച്ചു.
