വന സംരക്ഷണ ദൗത്യം പൊതു സമൂഹത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും ശാശ്വതമായ നിലനില്‍പ്പിന് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വനസൗഹൃദ സദസ്സുകള്‍ ഇതിന്റെ ഭാഗമാണ്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷക സംഘടന പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി നടത്തുന്ന വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി സെന്റ് പാട്രിക് സ്കൂള്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന സൗഹൃദ സദസ്സില്‍ പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ വിശദമായി മനസ്സിലാക്കി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് പരിഹാരം കാണും. ഒരു മാസം നീണ്ടുനില്‍ക്കുന്നതായിരിക്കും ഈ ഉദ്യമം. 223 പഞ്ചായത്തുകളിലും 51 നിയമസഭാ മണ്ഡലങ്ങളിലും ഇവിടങ്ങളിലുള്ള ജനപ്രതിനിധികളുമായി സംവദിച്ച് ജനങ്ങളുടെ മുന്നില്‍ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കും. മാതൃകാപരമായ ഈ ദൗത്യം കൃത്യമായി നിര്‍വ്വഹിക്കാന്‍ കഴിയണം. കേരളത്തിലാകെ വനാതിര്‍ത്തികളില്‍ ഒരേ രീതിയിലുള്ള പ്രശ്നങ്ങളല്ല അഭിമുഖീകരിക്കുന്നത്. വനാതിര്‍ത്തിയിലുള്ള ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും തികച്ചും വ്യത്യസ്ഥമാണ്. പ്രത്യേകമായപരിഗണിക്കണം ഓരോ നാടിനും നല്‍കേണ്ടി വരും. ജനങ്ങളുടെ പ്രശ്നങ്ങല്‍ കേള്‍ക്കുക മാത്രമല്ല പരമാവധി വേഗത്തില്‍ പരിഹാരം കാണുക എന്നതുകൂടിയാണ് ലക്ഷ്യം. വനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങല്‍ വനം വകുപ്പിന് നേരിട്ട് പരിഹരിക്കാന്‍ കഴിയും. ചില പ്രശ്നങ്ങള്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്തമായി പരിഹരിക്കാന്‍ കഴിയും. ഇത്തരത്തില്‍ പരിഹാരം കാണാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണും.വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജന പങ്കാളിത്തം അനിവാര്യമാണ്. പങ്കാളിത്ത വനപരിപാലനം ഗ്രാമതലത്തില്‍ ശക്തിപ്പെടുത്തും.