റസ്റ്റ് ഹൗസുകളുടെ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങൾ ഏകീകരിച്ചതോടെയാണ് വരുമാനത്തിൽ വൻ വർധന. സമയം ഏകീകരിച്ച ശേഷമുള്ള നാല് മാസം കൊണ്ട് രണ്ടേകാൽ കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. റൂം ബുക്കിംഗ് ഓൺലൈൻ ആക്കിയ ശേഷം ഒരു വർഷം കൊണ്ട് നാല് കോടി രൂപ വരുമാനം ലഭിച്ചിരുന്നു. അത് റസ്റ്റ് ഹൗസിന്റെ ചരിത്രത്തിൽ പുതിയൊരു അനുഭവമായിരുന്നു. അതിന് പിന്നാലെയാണ് വലിയ മുന്നേറ്റം തുടർമാസങ്ങളിൽ സാധ്യമായത്. 2023 മാർച്ച് 25 ലെ കണക്കനുസരിച്ച് ആകെ വരുമാനം ആറേകാൽ കോടി രൂപ ആയി വർധിച്ചിരിക്കുകയാണ്.തിരുവനന്തപുരത്തെ തൈക്കാട് റസ്റ്റ് ഹൗസിൽ 2022 മാർച്ചിൽ ലഭിച്ച വരുമാനം 1,93,851 രൂപയായിരുന്നെങ്കിൽ 2023 മാർച്ച് 1 മുതൽ 28 വരെ മാത്രം 3,75,176 രൂപ ലഭിച്ചു. കോഴിക്കോട് റസ്റ്റ് ഹൗസിൽ 2022 മാർച്ചിൽ ആകെ ലഭിച്ച വരുമാനം 58,526 രൂപയാണെങ്കിൽ 2023 മാർച്ച് 1 മുതൽ 28 വരെ മാത്രം 1,06,534 രൂപ ലഭിച്ചു. മൂന്നാർ റസ്റ്റ് ഹൗസിൽ 2022 മാർച്ചിൽ ആകെയുണ്ടായിരുന്ന ബുക്കിംഗ് 99 ആയിരുന്നു. 2023 മാർച്ചിൽ ഇതുവരെ അത് 311 ആയി വർധിച്ചു. വരുമാനത്തിലും ഇരട്ടിയിലധികം വർധനവുണ്ടായി.
