ൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താൻ ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫ്ലൈറ്റുകളൊരുക്കാൻ കേരളം. ഏപ്രിൽ രണ്ടാം വാരം മുതൽ അഡിഷണൽ / ചാർട്ടേഡ് ഫ്ളൈറ്റുകൾ ഒരുക്കുകയാണു ലക്ഷ്യം. ഇതിനായുള്ള അനുമതി വേഗത്തിലാക്കുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചു.സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ, വിദേശ/ഇന്ത്യൻ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർക്ക് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് അഡീഷണൽ/ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താനാകൂ. വിഷു, ഈസ്റ്റർ, റംസാൻ എന്നിവ ഏപ്രിൽ രണ്ടും മൂന്നും ആഴ്ചകളിൽ വരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽനിന്നു നിരവധി മലയാളികളാണു നാട്ടിലേക്കു വരാനൊരുങ്ങുന്നത്. ഇതു മുൻനിർത്തിയാണു ന്യായമായ നിരക്കിൽ വിമാന യാത്രാ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
